കടലാസ് കിരീടങ്ങള്‍
എന്റെ വീട്ടിലെ ഒരു ജന്മദിന പാര്‍ട്ടിക്കു ശേഷം, എല്ലാവരും മിഠായി, മധുരപലഹാരങ്ങള്‍, ചെറിയ കളിപ്പാട്ടങ്ങള്‍ എന്നിവ നിറച്ച മടക്ക സമ്മാനങ്ങള്‍ തുറന്നു. എന്നാല്‍ ഈ സമ്മാനങ്ങളില്‍ മറ്റൊന്നുകൂടി ഉണ്ടായിരുന്നു - ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഒരോ കടലാസ് കിരീടം. അവ പരീക്ഷിക്കുന്നത് ഞങ്ങള്‍ക്ക് എതിര്ത്തുനില്ക്കാന് കഴിഞ്ഞില്ല, മേശയ്ക്കു ചുറ്റും ഇരുന്നുകൊണ്ട് ഞങ്ങള്‍ പരസ്പരം പുഞ്ചിരിച്ചു. ഒരു നിമിഷം, ഞങ്ങള്‍ രാജാക്കന്മാരും രാജ്ഞികളുമായിരുന്നു - ഞങ്ങളുടെ സാമ്രാജ്യം അത്താഴത്തിന്റെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന ഒരു ഡൈനിംഗ് റൂം ആയിരുന്നെങ്കിലും.
ഞാന്‍ പലപ്പോഴും ചിന്തിക്കാത്ത ഒരു ബൈബിള്‍ വാഗ്ദാനത്തിന്റെ ഓര്‍മ്മ ഇത് എന്നിലുണര്‍ത്തി. അടുത്ത ജീവിതത്തില്‍, എല്ലാ വിശ്വാസികളും യേശുവുമായി ഭരണം പങ്കിടും. 1 കൊരിന്ത്യര്‍ 6-ല്‍ പൗലൊസ് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുന്നു, 'വിശുദ്ധന്മാര് ലോകത്തെ വിധിക്കും എന്ന് അറിയുന്നില്ലയോ?'' (വാ. 2). ഭൂമിയിലെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ വിശ്വാസികളെ പ്രചോദിപ്പിക്കാന്‍ ആഗ്രഹിച്ചതിനാലാണ് ഈ ഭാവി പദവിയെ പൗലൊസ് പരാമര്‍ശിച്ചത്. അവര്‍ പരസ്പരം കേസ് കൊടുക്കുകയും അവരുടെ സമൂഹത്തില്‍ മറ്റ് വിശ്വാസികളുടെ സല്‍പ്പേരിനു കളങ്കം വരുത്തുകയും ചെയ്തു.
പരിശുദ്ധാത്മാവ് നമ്മില്‍ ആത്മനിയന്ത്രണവും സൗമ്യതയും ക്ഷമയും ഉളവാക്കുന്നതിനാല്‍ സംഘര്‍ഷം പരിഹരിക്കുന്നതില്‍ നാം കൂടുതല്‍ മെച്ചപ്പെടുവാനിടയാകും. യേശു ഭൂമിയിലേക്കു മടങ്ങിവരികയും നമ്മുടെ ജീവിതത്തില്‍ ആത്മാവിന്റെ വേല പൂര്‍ത്തിയാകുകയും ചെയ്യുമ്പോള്‍ (1 യോഹന്നാന്‍ 3:2-3), 'രാജ്യവും പുരോഹിതന്മാരും ആക്കിവച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു' (വെളിപ്പാട് 5:10) എന്ന നമ്മുടെ ഭാവി ദൗത്യത്തിന് നാം ഒരുക്കപ്പെട്ടവരായിക്കഴിഞ്ഞിരിക്കും. സ്വര്‍ണ്ണകിരീടത്തിലെ വജ്രം പോലെ വേദപുസ്തകത്തില്‍ തിളങ്ങുന്ന ഈ വാഗ്ദാനത്തെ നമുക്കു മുറുകെ പിടിക്കാം.
പ്രഭാത മഞ്ഞ്
ഒരു ദിവസം രാവിലെ ഞാന്‍ എന്റെ വീടിനടുത്തുള്ള ഒരു കുളം സന്ദര്‍ശിച്ചു. കമഴ്ത്തിയിട്ട ഒരു വള്ളത്തില്‍ ഇരുന്ന്, സൗമ്യമായ ഒരു പടിഞ്ഞാറന്‍ കാറ്റ് വെള്ളത്തിന്റെ ഉപരിതലത്തിലുണ്ടായിരുന്ന മൂടല്‍മഞ്ഞിന്റെ ഒരു പാളിയെ ദൂരത്തേക്കു പറത്തുന്നത് വീക്ഷിച്ചുകൊണ്ട് ഞാന്‍ ചിന്തിച്ചു. മൂടല്‍മഞ്ഞിന്റെ അടരുകള്‍ വട്ടം കറങ്ങിക്കൊണ്ടിരുന്നു. കുഞ്ഞു ''ചുഴലിക്കാറ്റുകള്‍'' മുകളിലേക്കുയര്‍ന്ന് നേര്‍ത്തുവന്നു. താമസിയാതെ, സൂര്യപ്രകാശം മേഘങ്ങളെ തുളച്ചപ്പോള്‍ മഞ്ഞ് അപ്രത്യക്ഷമായി.
ഈ രംഗം എന്നെ ആശ്വസിപ്പിച്ചു, കാരണം ഞാന്‍ തൊട്ടുമുമ്പു വായിച്ച ഒരു വാക്യവുമായി ഞാന്‍ അതിനെ ബന്ധിപ്പിച്ചു: ''ഞാന്‍ കാര്‍മുകിലിനെപ്പോലെ നിന്റെ ലംഘനങ്ങളെയും മേഘത്തെപ്പോലെ (പ്രഭാത മഞ്ഞുപോലെ) നിന്റെ പാപങ്ങളെയും മായിച്ചുകളയുന്നു'' (യെശയ്യാവ് 44:22). ദിവസങ്ങളോളം എന്നെ അലട്ടിയിരുന്ന പാപകരമായ ചിന്തകളുടെ ഒരു ശ്രേണിയില്‍ നിന്ന് എന്നെ വ്യതിചലിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഞാന്‍ ആ സ്ഥലം സന്ദര്‍ശിച്ചത്. ഞാന്‍ അവയെ ഏറ്റുപറയുന്നുണ്ടെങ്കിലും, അതേ പാപം ആവര്‍ത്തിക്കുമ്പോള്‍ ദൈവം എന്നോട് ക്ഷമിക്കുമോ എന്ന് ഞാന്‍ ഭയപ്പെട്ടു തുടങ്ങി.
അന്ന് രാവിലെ, 'ഉവ്വ്' എന്നാണ് ഉത്തരം എന്നെനിക്കു മനസ്സിലായി. വിഗ്രഹാരാധനയുടെ തുടര്‍മാനമായ പ്രശ്നവുമായി യിസ്രായേല്യര്‍ മല്ലിടുമ്പോള്‍ ദൈവം തന്റെ പ്രവാചകനായ യെശയ്യാവിലൂടെ കൃപ കാണിച്ചു. വ്യാജദൈവങ്ങളെ പിന്തുടരുന്നത് നിര്‍ത്താന്‍ അവന്‍ അവരോട് പറഞ്ഞിട്ടുണ്ടെങ്കിലും, ദൈവം അവരെ തന്നിലേക്ക് മടങ്ങിവരാന്‍ ക്ഷണിക്കുകയും ചെയ്തു, ''ഞാന്‍ നിന്നെ നിര്‍മ്മിച്ചു; നീ എന്റെ ദാസന് തന്നേ; ... ഞാന്‍ നിന്നെ മറന്നുകളയുകയില്ല' (വാ. 21).
അത്തരത്തിലുള്ള പാപമോചനം എനിക്കു പൂര്‍ണ്ണമായി ഗ്രഹിക്കാനാവുന്നില്ല, എങ്കിലും നമ്മുടെ പാപത്തെ പൂര്‍ണ്ണമായും അലിയിച്ചുകളയുകയും അതില്‍ നിന്ന് നമ്മെ സുഖപ്പെടുത്തുകയും ചെയ്യുന്ന ഒരേയൊരു കാര്യം ദൈവകൃപയാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അവന്റെ കൃപ അവനെപ്പോലെതന്നേ അന്തമില്ലാത്തതും ദൈവികവുമാണെന്നും നമുക്ക് ആവശ്യമുള്ളപ്പോഴെല്ലാം അത് ലഭ്യമാണെന്നും ഉള്ളതില്‍ ഞാന്‍ നന്ദിയുള്ളവളാണ്.
ഏതൊരാളും എല്ലാവരും
എല്‍ സാല്‍വഡോര്‍ എന്ന രാജ്യം അതിന്റെ തലസ്ഥാനനഗരത്തിന്റെ മധ്യത്തില്‍ യേശുവിന്റെ ശില്പം സ്ഥാപിച്ച് അവനെ ബഹുമാനിച്ചു. തിരക്കേറിയ ഒരു ട്രാഫിക് സര്‍ക്കിളിന് നടുവിലാണ് ഈ സ്മാരകം നില്‍ക്കുന്നതെങ്കിലും, അതിന്റെ ഉയരം നിമിത്തം എളുപ്പം കാണാന്‍ സാധിക്കുന്നു. കൂടാതെ അതിന്റെ പേര് - ലോകത്തിന്റെ ദിവ്യ രക്ഷകന്‍ - അവന്റെ അമാനുഷിക പദവിയോടുള്ള ബഹുമാനം വിളിച്ചറിയിക്കുന്നു.
യേശുവിനെക്കുറിച്ച് ബൈബിള്‍ പറയുന്ന കാര്യങ്ങളെ സ്മാരകത്തിന്റെ പേര് സ്ഥിരീകരിക്കുന്നു (1 യോഹന്നാന്‍ 4:14). എല്ലാവര്‍ക്കും രക്ഷ നല്‍കുന്നവനാണ് യേശു. യേശു സാംസ്‌കാരിക അതിര്‍വരമ്പുകള്‍ കടന്ന്, പ്രായം, വിദ്യാഭ്യാസം, വംശീയത, മുന്‍കാല പാപം, അല്ലെങ്കില്‍ സാമൂഹിക പദവി എന്നിവ കണക്കിലെടുക്കാതെ ആത്മാര്‍ത്ഥമായി തന്നെ അറിയാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയെയും സ്വീകരിക്കുന്നു.
യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയെക്കുറിച്ച് ജനങ്ങളോടു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് പുരാതന ലോകത്തില്‍ സഞ്ചരിച്ചു. രാഷ്ട്രീയ, മത നേതാക്കള്‍, സൈനികര്‍, യെഹൂദന്മാര്‍, വിജാതീയര്‍, പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുമായി അവന്‍ ഈ സന്തോഷവാര്‍ത്ത പങ്കിട്ടു. ''യേശു കര്‍ത്താവാണ്'' എന്ന് ഏറ്റുപറഞ്ഞും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചുവെന്ന് വിശ്വസിച്ചും ഒരു വ്യക്തിക്ക് ക്രിസ്തുവുമായി ഒരു ബന്ധം ആരംഭിക്കാന്‍ കഴിയുമെന്ന് പൗലൊസ് വിശദീകരിച്ചു (റോമര്‍ 10:9). അദ്ദേഹം പറഞ്ഞു, ''അവനില്‍ വിശ്വസിക്കുന്ന ഒരുത്തനും ലജ്ജിച്ചുപോകയില്ല. . . . കര്‍ത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവനും രക്ഷിക്കപ്പെടും' (വാ. 11, 13).
യേശു ബഹുമാനിക്കപ്പെടേണ്ട അകന്നുനില്‍ക്കുന്ന ഒരു പ്രതിമയല്ല; വിശ്വാസത്തിലൂടെ നമുക്ക് അവനുമായി ഒരു വ്യക്തിബന്ധം ഉണ്ടായിരിക്കണം. അവിടുന്ന് നല്‍കുന്ന രക്ഷയുടെ മൂല്യം നാം കാണുകയും അവനുമായി ഒരു ആത്മീയ ബന്ധത്തിലേക്ക് മുന്നേറുകയും ചെയ്യാം.
അഗ്നിക്കുള്ളില്‍
സ്പെയിനിലുണ്ടായ ഒരു കാട്ടുതീ 50,000 ഏക്കറോളം വനഭൂമി കത്തിച്ചു ചാമ്പലാക്കി. എന്നിരുന്നാലും, ഈ നാശത്തിന്റെ മധ്യത്തില്‍, ആയിരത്തോളം പച്ചനിറത്തിലുള്ള സൈപ്രസ് മരങ്ങളുടെ ഒരു കൂട്ടം നാശമേല്‍ക്കാതെ നിലകൊണ്ടു. വെള്ളം ശേഖരിച്ചുനിര്‍ത്താനുള്ള ആ വൃക്ഷങ്ങളുടെ കഴിവ് അഗ്നിയെ സുരക്ഷിതമായി ചെറുത്തുനില്‍ക്കാന്‍ അവരെ സഹായിച്ചു.
ബാബിലോണില്‍ നെബൂഖദ്‌നേഖര്‍ രാജാവിന്റെ ഭരണകാലത്ത് സുഹൃത്തുക്കളുടെ ഒരു ചെറിയ സംഘം രാജാവിന്റെ ക്രോധാഗ്നിയെ അതിജീവിച്ചു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും നെബൂഖദ്‌നേസര്‍ നിര്‍മ്മിച്ച ഒരു പ്രതിമയെ ആരാധിക്കാന്‍ വിസമ്മതിച്ചുകൊണ്ടുപറഞ്ഞു 'ഞങ്ങള്‍ സേവിക്കുന്ന ദൈവം ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കൈയില്‍നിന്നും വിടുവിക്കും' (ദാനീയേല്‍ 3:17). കോപിഷ്ഠനായ രാജാവ് ചൂളയുടെ ചൂട് സാധാരണയേക്കാള്‍ ഏഴിരട്ടി വര്‍ദ്ധിപ്പിക്കുവാന്‍ കല്‍പ്പിച്ചു (വാ. 19).
തീയുടെ ചൂട് അതികഠിനമായിരുന്നതിനാല്‍ രാജാവിന്റെ കല്‍പ്പനയനുസരിച്ച് മൂന്നു യുവാക്കളെ തീയിലേക്ക് എറിഞ്ഞ സൈനികരെ തീ ദഹിപ്പിച്ചുകളഞ്ഞു. ശദ്രക്കും മേശക്കും അബേദ്‌നെഗോവും കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതും അവര്‍ക്ക് ഒരു കേടും തട്ടിയിട്ടില്ലെന്നും ചുറ്റും നിന്നവര്‍ കണ്ടു. മറ്റൊരാള്‍ കൂടി ആ അഗ്നികുണ്ഡത്തില്‍ ഉണ്ടായിരുന്നു - നാലാമത്തവന്റെ രൂപം ഒരു 'ദൈവപുത്രനോട്' ഒത്തിരുന്നു (വാ. 25). പല പണ്ഡിതന്മാരും വിശ്വസിക്കുന്നത് ഇത് യേശുവിന്റെ ജഡധാരണത്തിനു മുമ്പുള്ള രൂപമായിരുന്നു എന്നാണ്.
ഭീഷണികളും പരിശോധനകളും നേരിടുമ്പോള്‍ യേശു നമ്മോടൊപ്പമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ക്കു കീഴ്‌പ്പെടാന്‍ നാം നിര്‍ബന്ധിക്കപ്പെടുന്ന നിമിഷങ്ങളില്‍, നാം ഭയപ്പെടേണ്ടതില്ല. ദൈവം എങ്ങനെ അല്ലെങ്കില്‍ എപ്പോള്‍ നമ്മെ സഹായിക്കുമെന്ന് നമുക്ക് എല്ലായ്‌പ്പോഴും അറിയില്ലായിരിക്കാം, പക്ഷേ അവന്‍ നമ്മോടൊപ്പമുണ്ടെന്ന് നമുക്കറിയാം. നാം സഹിക്കുന്ന ഓരോ ''അഗ്‌നി''യിലും അവനോട് വിശ്വസ്തത പുലര്‍ത്താന്‍ അവന്‍ നമുക്ക് ശക്തി നല്‍കും.
നിങ്ങള്‍ അവളെ വീണ്ടും കാണും
ഞാന്‍ ജാക്വിയുടെ കട്ടിലിനടുത്ത് ഒരു കസേര വലിച്ചിട്ടിരന്നു. മുറി മങ്ങിയതും നിശബ്ദവുമായിരുന്നു. ക്യാന്‍സറുമായി മൂന്ന് വര്‍ഷത്തെ പോരാട്ടത്തിനുമുമ്പ്, എന്റെ സുഹൃത്ത് ഊര്‍ജ്ജസ്വലയായ ഒരു വ്യക്തിയായിരുന്നു. അവളുടെ ചിരി എനിക്ക് ഇപ്പോഴും സങ്കല്‍പ്പിക്കാന്‍ കഴിയും- ജീവന്‍ തുടിക്കുന്ന കണ്ണുകളുള്ള അവളുടെ മുഖം പുഞ്ചിരികൊണ്ടു പ്രകാശിക്കുമായിരുന്നു. ഇപ്പോള്‍ അവള്‍ ശാന്തയും നിശ്ചലയുമായിരുന്നു, ഞാന്‍ അവളെ ഒരു പ്രത്യേക പരിചരണ കേന്ദ്രത്തില്‍ സന്ദര്‍ശിക്കുകയായിരുന്നു.
എന്തു പറയണമെന്ന് അറിയാതെ ഞാന്‍ കുറച്ച് തിരുവെഴുത്തുകള്‍ വായിക്കാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ പേഴ്സില്‍ നിന്ന് ബൈബിള്‍ പുറത്തെടുത്ത് 1 കൊരിന്ത്യരിലേക്ക് തിരിഞ്ഞു ഒരു ഭാഗം വായിക്കാന്‍ തുടങ്ങി.
സന്ദര്‍ശനത്തിനുശേഷം പാര്‍ക്ക് ചെയ്തിരുന്ന എന്റെ കാറിന്റെ ഏകാന്തതയില്‍ അല്പ സമയം കണ്ണുനീരോടെ കാത്തിരുന്ന ശേഷം, എന്റെ കണ്ണുനീര്‍ തുടയ്ക്കുന്ന ഒരു ചിന്ത മനസ്സില്‍ വന്നു: നീ അവളെ വീണ്ടും കാണും. ദുഃഖനിമഗ്നയായ ഞാന്‍, മരണം വിശ്വാസികള്‍ക്ക് താല്‍ക്കാലികം മാത്രമാണെന്ന യാഥാര്‍ത്ഥ്യം മറന്നിരുന്നു (1 കൊരിന്ത്യര്‍ 15:21-22). ഞങ്ങളുടെ പാപത്തിന്റെ പരിഹാരത്തിനായി ഞങ്ങള്‍ രണ്ടുപേരും യേശുവിന്റെ മരണത്തിലും പുനരുത്ഥാനത്തിലും വിശ്വസിച്ചിരുന്നതിനാല്‍ ഞാന്‍ ജാക്വിയെ വീണ്ടും കാണുമെന്ന് എനിക്കറിയാം (വാ. 3-4). തന്റെ ക്രൂശീകരണത്തിനുശേഷം യേശു ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍, വിശ്വാസികളെ തമ്മില്‍തമ്മിലും ദൈവത്തില്‍ നിന്നും വേര്‍തിരിക്കാനുള്ള മരണത്തിന്റെ ആത്യന്തിക ശക്തി നഷ്ടപ്പെട്ടു. നാം മരിച്ചതിനുശേഷം, ദൈവത്തോടും നമ്മുടെ എല്ലാ ആത്മീയ സഹോദരങ്ങളോടും ഒപ്പം - എന്നേക്കും - സ്വര്‍ഗ്ഗത്തില്‍ വസിക്കും.
യേശു ഇന്ന് ജീവിച്ചിരിക്കുന്നതിനാല്‍, അവനില്‍ വിശ്വസിക്കുന്നവര്‍ക്ക് നഷ്ടത്തിന്റെയും സങ്കടത്തിന്റെയും സമയങ്ങളില്‍ പ്രത്യാശയുണ്ട്. ക്രൂശിന്റെ വിജയം മരണത്തെ വിഴുങ്ങിയിരിക്കുന്നു (വാ. 54).
ജോലിയില്‍ പ്രകടമാക്കുന്ന മനസ്സലിവ്
എന്റെ സുഹൃത്ത് അനിത ഒരു അക്കൗണ്ടിംഗ് സ്ഥാപനത്തിനായി ശമ്പളം വിതരണം ചെയ്യുന്ന ജോലിക്കാരിയാണ്. ഇത് ഒരു നേരായ ജോലിയാണെന്ന് തോന്നുമെങ്കിലും, തൊഴിലുടമകള്‍ ആവശ്യമായതിലും വൈകിയാണ് പലപ്പോഴും വിവരങ്ങള്‍ സമര്‍പ്പിക്കാറുള്ളത്. ഇക്കാരണത്താല്‍, ജീവനക്കാര്‍ക്ക് അവരുടെ പണം കാലതാമസം കൂടാതെ ലഭിക്കുന്നതിനായി അനിത ദീര്‍ഘനേരം ജോലിചെയ്യേണ്ടിവരുന്നു. ജീവനക്കാര്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാനും മരുന്ന് വാങ്ങാനും ഭവന വായ്പ അടയ്ക്കാനും ഈ ശമ്പളത്തെ ആശ്രയിക്കുന്നതിനാല്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് അവള്‍ ഇത് ചെയ്യുന്നത്.
അനിതയുടെ ജോലിയോടുള്ള അനുകമ്പാപൂര്‍വ്വമായ സമീപനം യേശുവിലേക്ക് വിരല്‍ ചൂണ്ടുന്നു. ഭൂമിയിലായിരുന്നപ്പോള്‍, തനിക്ക് അസൗകര്യമുണ്ടായിരുന്നപ്പോള്‍ പോലും അവന്‍ ചിലപ്പോള്‍ ആളുകളെ ശുശ്രൂഷിച്ചു. ഉദാഹരണത്തിന്, യോഹന്നാന്‍ സ്‌നാപകന്‍ കൊല്ലപ്പെട്ടുവെന്ന് കേട്ടതിനുശേഷം ക്രിസ്തുവിന് കുറച്ചുസമയം തനിച്ചിരിക്കണമായിരുന്നു. അതിനാല്‍ അവന്‍ ഒരു പടകില്‍ കയറി ഒരു ഏകാന്ത സ്ഥലത്തേക്കു പോയി (മത്തായി 14:13). ഒരുപക്ഷേ, അവനു തന്റെ ബന്ധുവിന്റെ മരണത്തില്‍ ദുഃഖിക്കുകയും തന്റെ സങ്കടത്തില്‍ പ്രാര്‍ത്ഥിക്കുകയും വേണമായിരുന്നു.
അവിടെ ഒരു പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. പുരുഷാരം അവന്റെ പിന്നാലെ എത്തി. ഈ ജനത്തിന് വിവിധ ശാരീരിക ആവശ്യങ്ങള്‍ ഉണ്ടായിരുന്നു. ആളുകളെ പറഞ്ഞയക്കുന്നത് വളരെ എളുപ്പമായിരുന്നു, എന്നാല്‍ ''യേശു വന്നു വലിയ പുരുഷാരത്തെ കണ്ട് അവരില്‍ മനസ്സലിഞ്ഞ് അവരുടെ രോഗികളെ സൗഖ്യമാക്കി.'' (വാ. 14).
താന്‍ ഭൂമിയില്‍ ആയിരുന്നപ്പോള്‍, ആളുകളെ പഠിപ്പിക്കുന്നതും അവരുടെ രോഗങ്ങള്‍ ഭേദമാക്കുന്നതും യേശുവിന്റെ ആഹ്വാനത്തിന്റെ ഭാഗമായിരുന്നെങ്കിലും, അവന്റെ മനസ്സലിവ് തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്ന രീതിയെ ബാധിച്ചു. നമ്മുടെ ജീവിതത്തില്‍ അവിടുത്തെ മനസ്സലിവ് തിരിച്ചറിയാന്‍ ദൈവം നമ്മെ സഹായിക്കുകയും അത് മറ്റുള്ളവര്‍ക്ക് കൈമാറാനുള്ള ശക്തി നല്‍കുകയും ചെയ്യട്ടെ.
ഒരു സ്വര്‍ഗ്ഗീയ യുഗ്മഗാനം
കുട്ടികളുടെ സംഗീത പഠനത്തില്‍, ഒരു പിയാനോയ്ക്ക് മുന്നില്‍ ഒരു അധ്യാപകനും വിദ്യാര്‍ത്ഥിയും അടുത്തടുത്ത് ഇരിക്കുന്നതു ഞാന്‍ കണ്ടു. അവരുടെ യുഗ്മഗാനം ആരംഭിക്കുന്നതിനുമുമ്പ്, അധ്യാപകന്‍ മുമ്പോട്ടു ചാഞ്ഞിരുന്ന് അവസാന നിമിഷ നിര്‍ദ്ദേശങ്ങള്‍ കുട്ടിയുടെ കാതില്‍ മന്ത്രിച്ചു. ഉപകരണത്തില്‍ നിന്ന് സംഗീതം ഒഴുകുമ്പോള്‍, വിദ്യാര്‍ത്ഥി ലളിതമായ ഒരു ഗാനം വായിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു, അധ്യാപകന്‍ അതിന് ആഴവും ശ്രുതിയും നല്‍കി. ഗാനത്തിന്റെ അവസാനം അധ്യാപകന്‍ തലകുലുക്കി അംഗീകാരം നല്‍കി.
യേശുവിലുള്ള നമ്മുടെ ജീവിതം ഒരു ഏകാന്ത പ്രകടനത്തേക്കാള്‍ ഒരു യുഗ്മഗാനം പോലെയാണ്. എങ്കിലും ചില സമയങ്ങളില്‍, അവന്‍ ''എന്റെ അരികില്‍ ഇരിക്കുന്നു'' എന്നതും അവന്റെ ശക്തിയും മാര്‍ഗ്ഗനിര്‍ദ്ദേശവും കൊണ്ട് മാത്രമേ എനിക്ക് നന്നായി ''പ്രകടനം നടത്താന്‍'' കഴികയുള്ളൂ എന്നതും ഞാന്‍ മറക്കുന്നു. എല്ലാ ശരിയായ കീകളും ഞാന്‍ സ്വന്തമായി വായിക്കാന്‍ ശ്രമിക്കുന്നു - അതായത് എന്റെ സ്വന്തം ശക്തിയില്‍ ദൈവത്തെ അനുസരിക്കാന്‍ - എന്നാല്‍ ഇത് സാധാരണയായി വ്യാജവും പൊള്ളയുമായി അവസാനിക്കുന്നു. എന്റെ പരിമിത ശേഷിയില്‍ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ ഞാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും മറ്റുള്ളവരുമായി ഭിന്നിപ്പിലാണത് അവസാനിക്കാറുള്ളത്.
എന്റെ ഗുരുവിന്റെ സാന്നിധ്യമാണ് എല്ലാറ്റിനും വ്യത്യാസം വരുത്തുന്നത്. എന്നെ സഹായിക്കാന്‍ ഞാന്‍ യേശുവിനെ ആശ്രയിക്കുമ്പോള്‍, എന്റെ ജീവിതം ദൈവത്തെ കൂടുതല്‍ മഹത്വീകരിക്കുന്നതായി ഞാന്‍ കാണുന്നു. ഞാന്‍ സന്തോഷത്തോടെ സേവിക്കുകയും സ്വതന്ത്രമായി സ്‌നേഹിക്കുകയും ദൈവം എന്റെ ബന്ധങ്ങളെ അനുഗ്രഹിക്കുന്നതു കണ്ട് ആശ്ചര്യപ്പെടുകയും ചെയ്യുന്നു. യേശു തന്റെ ആദ്യ ശിഷ്യന്മാരോടു പറഞ്ഞതുപോലെ, ''ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴികയില്ല' (യോഹന്നാന്‍ 15:5).
ഓരോ ദിവസവും നമ്മുടെ നല്ല അധ്യാപകനോടൊപ്പം നാം ഒരു യുഗ്മഗാനം ആലപിക്കുന്നു - അവന്റെ കൃപയും ശക്തിയുമാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ സംഗീതത്തെ മുന്നോട്ടു നയിക്കുന്നത്.
സംസാരിക്കുന്ന വാഴപ്പഴങ്ങള്‍
ഒരിക്കലും ഉപേക്ഷിച്ചു പോകരുത്. ആരെങ്കിലും പുഞ്ചിരിക്കാന്‍ കാരണം ആകുക. നീ അത്ഭുതവാനായ വ്യക്തിയാണ്. നിങ്ങള്‍ എവിടെ നിന്നാണ് വന്നത് എന്നതല്ല, നിങ്ങള്‍ എവിടേയ്ക്കാണു പോകുന്നത് എന്നതാണ് പ്രധാനം. അമേരിക്കയിലെ ഒരു സ്‌കൂളിലെ ചില കുട്ടികള്‍, അവര്‍ക്ക് ഉച്ചഭക്ഷണത്തിനു ലഭിക്കുന്ന വാഴപ്പഴത്തിന്മേല്‍ ഈ സന്ദേശങ്ങളും മറ്റു ചിലതും എഴുതിയിരിക്കുന്നതായി കണ്ടെത്തി. സ്റ്റേസി എന്നു പേരുള്ള കാന്റീന്‍ മാനേജര്‍ പഴങ്ങളുടെ മുകളില്‍ ഈ പ്രോത്സാഹജനകമായ കുറിപ്പുകള്‍ എഴുതാന്‍ സമയമെടുത്തു, കുട്ടികള്‍ ഇതിനെ ''സംസാരിക്കുന്ന വാഴപ്പഴങ്ങള്‍' എന്ന് വിളിച്ചു.
ഈ കരുതലിന്റെ പ്രവൃത്തി, പുരാതന നഗരമായ അന്ത്യോക്യയിലെ ''ആത്മീയ ചെറുപ്പക്കാര്‍'' ക്കുള്ള ബര്‍ന്നബാസിന്റെ ഹൃദയത്തെക്കുറിച്ച് എന്നെ ഓര്‍മ്മിപ്പിക്കുന്നു (പ്രവൃത്തികള്‍ 11:22-24). ആളുകളെ പ്രചോദിപ്പിക്കാനുള്ള കഴിവിന്റെ കാര്യത്തില്‍ ബര്‍ണബാസ് പ്രസിദ്ധനായിരുന്നു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ ഒരു നല്ല മനുഷ്യനായി അറിയപ്പെടുന്ന അദ്ദേഹം പുതിയ വിശ്വാസികളെ ''ഹൃദയനിര്‍ണ്ണയത്തോടെ കര്‍ത്താവിനോടു ചേര്‍ന്നു നില്ക്കുവാന്‍'' പ്രേരിപ്പിച്ചു (വാക്യം 23). സഹായം ആവശ്യമുള്ള ആളുകളുമായി അവന്‍ സമയം ചെലവഴിച്ചുവെന്ന് ഞാന്‍ കരുതുന്നു. പ്രാര്‍ത്ഥന തുടരുക. കര്‍ത്താവില്‍ ആശ്രയിക്കുക. ജീവിതം ദുഷ്‌കരമാകുമ്പോള്‍ ദൈവത്തോട് അടുത്തുനില്‍ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അവന്‍ അവരോടു പറഞ്ഞിരിക്കാം.
കുട്ടികളെപ്പോലെ, പുതിയ വിശ്വാസികള്‍ക്കും ധാരാളം പ്രോത്സാഹനങ്ങള്‍ ആവശ്യമാണ്. സാധ്യതകള്‍ നിറഞ്ഞവരാണ് അവര്‍. ഏതു കാര്യത്തിലാണ് തങ്ങള്‍ മികച്ചവരായിരിക്കുന്നത് എന്ന് അവര്‍ കണ്ടെത്തുന്നു. ദൈവം അവരിലും അവരിലൂടെയും എന്തുചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവരുടെ വിശ്വാസം തഴച്ചുവളരാതിരിക്കാന്‍ ശത്രു പൂര്‍ണ്ണജാഗ്രതയോടെ പലപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നും അവര്‍ പൂര്‍ണ്ണമായി മനസ്സിലാക്കണമെന്നില്ല.
യേശുവിനോടൊപ്പം കുറച്ചുകാലം നടന്ന നാം, യേശുവിനുവേണ്ടി ജീവിക്കുന്നത് എത്ര കഠിനമാണെന്ന് മനസ്സിലാക്കുന്നു. ദൈവാത്മാവ് നമ്മെ നയിക്കുകയും ആത്മീയസത്യത്തെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്നതുപോലെ നമുക്കെല്ലാവര്‍ക്കും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും മറ്റുള്ളവരില്‍നിന്നു പ്രോത്സാഹനം സ്വീകരിക്കാനും കഴിയട്ടെ.
ഇടയ്ക്കിടെയുള്ള പ്രാര്‍ത്ഥന
ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ്, ഞാനും കുടുംബവും ഉച്ചഭക്ഷണത്തിനായി ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ വാഹനം നിര്‍ത്തി. വെയിറ്റര്‍ ഞങ്ങളുടെ ഭക്ഷണം മേശപ്പുറത്ത് വച്ചപ്പോള്‍, എന്റെ ഭര്‍ത്താവ് അവനെ നോക്കി അവന്റെ പേര് ചോദിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു, ''ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഞങ്ങള്‍ കുടുംബമായി പ്രാര്‍ത്ഥിക്കാറുണ്ട്. ഇന്ന് ഞങ്ങള്‍ നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ എന്തെങ്കിലും വിഷയം ഉണ്ടോ?' ഞങ്ങള്‍ക്ക് ഇപ്പോള്‍ പരിചയപ്പെട്ട സഞ്ജയ്, ആശ്ചര്യവും ഉത്കണ്ഠയും കലര്‍ന്ന ഒരു നോട്ടം സമ്മാനിച്ചു. ഒരു ചെറിയ നിശബ്ദതയ്ക്കുശേഷം, ഓരോ രാത്രിയും അവന്‍ തന്റെ സുഹൃത്തിന്റെ കട്ടിലിലാണ് ഉറങ്ങുന്നതെന്ന് അവന്‍ പറഞ്ഞു. അവന്റെ ബൈക്ക് കേടായി, അവന്‍ തകര്‍ന്നിരിക്കുന്നു.
ദൈവം തന്റെ സ്‌നേഹം സഞ്ജയിനോടു കാണിക്കാന്‍ എന്റെ ഭര്‍ത്താവ് നിശബ്ദമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചത്, പരിശുദ്ധാത്മാവ് നമ്മുടെ വിഷയം ഏറ്റെടുക്കുകയും ദൈവവുമായി നമ്മെ ബന്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതിന് സമാനമാണെന്നു ഞാന്‍ ചിന്തിച്ചു. നമ്മുടെ ഏറ്റവും ആവശ്യമുള്ള നിമിഷങ്ങളില്‍, ജീവിതം സ്വന്തമായി കൈകാര്യം ചെയ്യാന്‍ നമുക്ക് യാതൊരു കഴിവുമില്ലെന്ന് മനസ്സിലാക്കുമ്പോള്‍, ദൈവത്തോട് എന്തു പറയണമെന്ന് അറിയാത്തപ്പോള്‍ ''ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നു'' (റോമര്‍ 8:27). ആത്മാവ് പറയുന്നത് ഒരു നിഗൂഢതയാണ്, എന്നാല്‍ ഇത് എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിനായുള്ള ദൈവഹിതവുമായി യോജിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ട്.
മറ്റൊരാളുടെ ജീവിതത്തില്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദ്ദേശം, കരുതല്‍, സംരക്ഷണം എന്നിവയ്ക്കായി അടുത്ത തവണ നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങളുടെ ആത്മീയ ആവശ്യങ്ങള്‍ നിങ്ങളുടെ നാമം അറിയുകയും നിങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് ശ്രദ്ധിക്കുകയും ചെയ്യുന്ന ദൈവത്തിലേക്ക് ഉയര്‍ത്തപ്പെടുന്നുവെന്ന് ആ ദയാപ്രവൃത്തി നിങ്ങളെ ഓര്‍മ്മപ്പെടുത്തട്ടെ.
അതിനെ സംബന്ധിച്ച് എല്ലാം അവനറിയാം
ഞങ്ങളുടെ വീട്ടില്‍ രണ്ട് വര്‍ഷമായി ഒരു പോരാളി (fighter) മത്സ്യത്തെ വളര്‍ത്തിയിരുന്നു. എന്റെ ഇളയ മകള്‍ ഭക്ഷണം അവന്റെ ടാങ്കിലേക്ക് ഇട്ടശേഷം അവനുമായി സംസാരിക്കാന്‍ പലപ്പോഴും കുനിഞ്ഞിരിക്കും. കിന്റര്‍ഗാര്‍ട്ടനില്‍ വളര്‍ത്തുമൃഗങ്ങളുടെ വിഷയം വന്നപ്പോള്‍ അവള്‍ അഭിമാനത്തോടെ അവന്‍ തന്റെ സ്വന്തമാണെന്ന് അവകാശപ്പെട്ടു. ഒടുവില്‍, മത്സ്യം ചത്തുപോയപ്പോള്‍ എന്റെ മകളുടെ ഹൃദയം തകര്‍ന്നു.
എന്റെ മകളുടെ വികാരങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കാനും ''ദൈവത്തിന് ഇതിനെക്കുറിച്ച് എല്ലാം അറിയാം'' എന്ന് പറയാനും എന്റെ അമ്മ എന്നെ ഉപദേശിച്ചു. ദൈവത്തിന് എല്ലാം അറിയാമെന്ന് ഞാന്‍ സമ്മതിച്ചു, എന്നിട്ടും ആശ്ചര്യപ്പെട്ടു, അത് എങ്ങനെ ആശ്വാസകരമാകും? നമ്മുടെ ജീവിതത്തിലെ സംഭവങ്ങളെക്കുറിച്ച് ദൈവം കേവലം ബോധവാനല്ലെന്ന് എനിക്ക് മനസ്സിലായി - പകരം അവന്‍ നമ്മുടെ ആത്മാവിലേക്ക് അനുകമ്പയോടെ കാണുകയും അവ നമ്മെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയുകയും ചെയ്യുന്നു. നമ്മുടെ പ്രായം, മുന്‍കാല മുറിവുകള്‍, വിഭവങ്ങളുടെ അഭാവം എന്നിവയെ ആശ്രയിച്ച് ''ചെറിയ കാര്യങ്ങള്‍'' വലിയ കാര്യങ്ങളായി അനുഭവപ്പെടുമെന്ന് അവന്‍ മനസ്സിലാക്കുന്നു.
ഒരു വിധവ രണ്ട് നാണയങ്ങള്‍ ദൈവാലയ ഭണ്ഡാരത്തിലേക്ക് ഇട്ടപ്പോള്‍ അവളുടെ ദാനത്തിന്റെയും ഹൃദയത്തിന്റെയും യഥാര്‍ത്ഥ വലുപ്പം യേശു കണ്ടു. ''ഭണ്ഡാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. ... ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു'' (മര്‍ക്കൊസ് 12:43-44) എന്നു പറഞ്ഞപ്പോള്‍ അവളെ സംബന്ധിച്ച് അതെത്രമാത്രം വിലയേറിയതായിരുന്നു എന്നാണവന്‍ സൂചിപ്പിച്ചത്.
വിധവ അവളുടെ അവസ്ഥയെക്കുറിച്ച് മിണ്ടാതിരുന്നു, എന്നാല്‍ മറ്റുള്ളവര്‍ ഒരു ചെറിയ സംഭാവനയായി കരുതിയത് അവള്‍ക്ക് ഒരു ത്യാഗമാണെന്ന് യേശു തിരിച്ചറിഞ്ഞു. അവന്‍ നമ്മുടെ ജീവിതത്തെ അതേ രീതിയില്‍ കാണുന്നു. അവിടുത്തെ പരിധിയില്ലാത്ത വിവേകത്തില്‍ നമുക്ക് ആശ്വാസം ലഭിക്കും.